
അമ്മയില്‍ നിന്നും ആദ്യം അടര്‍ന്നു വീണത് ഞാനായിരുന്നു..പിന്നീട് എനിക്ക് കൂട്ടായി ഒരു അനുജന്‍ വന്നു..ഒരു ദിവസത്തെ ആയുസ്സുമായി വന്ന അവന്‍ അടുത്ത ദിവസം പുലരും മുന്‍പേ തിരിച്ചു പോയി..ചിത്രശലഭത്തിന്റെ ജന്മം പോലെ..ദൈവത്തിന് അവനെ അത്രമേല്‍ ഇഷ്ടമായിരിക്കണം ..ആയുസ്സിന്റെ പുസ്തകത്തില്‍ ഒരേടുമായി വന്ന അവന് പേരില്ല..രൂപവുമില്ല..മനസ്സിന്റെ മഞ്ഞു മറക്കപ്പുറം ഒന്നു മിന്നി പൊലിഞ്ഞ ഒരു മിന്നാമിന്നിയുടെ വെട്ടം പോലെ.. എന്റെ അനുജന്‍..
ഞാന്‍ വീണ്ടും തനിച്ചായി..പിന്നീടാണ് അവള്‍ വന്നത്..ഐശ്വര്യ..എന്റെ കുഞ്ഞനിയത്തി..

കുഞ്ഞിലേഅവള്സുന്ദരിയായിരുന്നു..എനിക്ക്അച്ഛന്റെയും
അച്ഛന്പെങ്ങന്മ്മാരുടെയുംമുഖഛായയായിരുന്നു..
അതുകൊണ്ട് തന്നെ അത്ര സൌന്ദര്യവും അവകാശപ്പെടാനില്ലയിരുന്നു..
പക്

ചിരിയുടെരാജകുമാരിയായിരുന്നു അവള്‍ചിരിക്കുമ്പോഴും അവള്‍ ഇടയ്ക്ക് ചുമച്ചു..
രാത്രികളില്‍ കിതച്ചു..ആസ്ത്മയുടെ ആരോഹണാവരോഹണങ്ങള്‍
ആ കുഞ്ഞു മനസ്സിനെ പിടിച്ചുലച്ചു..ക്ഷയത്തിന്റെ ലക്ഷണങ്ങള്‍ അതിനോടൊപ്പം
ഉണ്ടെന്ന ഡോക്ടറുടെ കണ്ടെത്തല്‍ അഥവാ സംശയം എല്ലാവരെയും കരയിപ്പിച്ചു..സംശയത്തിന്റെ ബലത്തില്‍കടുത്ത മരുന്നുകള്‍ക്ക് ഡോക്ടര്‍ കുറിപ്പെഴുതി..ചികിത്സയുടെ ദിനങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു..ഒടുവില്‍ രോഗമില്ലെന്നു തെളിഞ്ഞു..തുടങ്ങിയ മരുന്നുകള്‍ പെട്ടന്നവാനിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് ആ മരുന്നിന്റെ കോഴ്സ് അസുഖമില്ലാത്ത എന്റെ കുഞ്ഞു പെങ്ങള്‍ യാതൊരു എതിര്‍പ്പും കൂടാതെ പൂര്‍ത്തിയാക്കി ..ചുറ്റുമുള്ള കരച്ചിലുകള്‍ തോര്‍ന്നു..വീണ്ടും കളിചിരികള്‍ നിറഞ്ഞു..ആയിടക്കാണ് ഞങ്ങളെ നൃത്ത ക്ലാസ്സില്‍ ചേര്‍ത്തത്..ഞങ്ങള്‍ ഒന്നിച്ചു പോകും..ഒന്നിച്ചു നൃത്തം ചെയ്യും..ഒന്നിച്ചു മടങ്ങും..നൃത്തം എനിക്ക് ലഹരിയായപ്പോള്‍ അവള്‍ക്ക് മടുപ്പായിരുന്നു..പലപ്പോഴും അവള്‍ മടിച്ചു നിന്നു..ചുവടുകള്‍ പിഴച്ചു..ഒരു ദിവസം അവള്‍ പറഞ്ഞു .."എനിക്ക് കാല്‍ വേദനിക്കുന്നു.."
ഡാന്‍സ് ക്ലാസ്സില്‍ പോവാതിരിക്കാനുള്ള സൂത്രം അല്ലാതെന്താ ..ഞാന്‍ അമ്മയോട് അല്പം മുന വെച്ചു പറഞ്ഞു..അപ്പോഴും അവള്‍ ഇളം കൈ കൊണ്ടു കാല്‍ തടവി..ചുണ്ടില്‍ നിന്നും വേദനയോടെ ഒരു മന്ദഹാസം പൊലിഞ്ഞു..പക്ഷെ പിന്നീട് ആ വേദന
അവളുടെ കാലില്‍ നിന്നും കൊഴിഞ്ഞു പോയില്ല..
ഡോക്ടര്‍മാരെ മാറി മാറി കാണിച്ചു..മസില്‍ പെയിന്‍ എന്ന് ഒരാള്‍ ..അതല്ല കാല്‍സ്യത്തിന്റെ കുറവ് എന്ന മറ്റൊരാള്‍...രണ്ടുമല്ല മനോരോഗം എന്ന് മൂന്നാമ്മന്‍..വേദന ചൂളം കുത്തുന്ന കാലുമായി മനശ്ശാസ്ത്രജ്ഞന്റെ മുന്നിലിരിക്കുന്ന അവളെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു..അപ്പോഴും അവള്‍ പറഞ്ഞു കൊണ്ടിരുന്നു.."സത്യായിട്ടും എനിക്ക് കാല്‍ വേദനിക്കുന്നു അമ്മേ.."
അവള്‍ക്ക് ഏറ്റവും പ്രിയം അച്ഛച്ചനെയായിരുന്നു ...അഛച്ചനു അവളെയും..അച്ചച്ചന്റെ ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട്ടെ ഒരു എല്ല് രോഗ വിദഗ്ദ്ധന്റെ മുന്നില്‍ അവസാനം ഞങ്ങളെത്തി..കാല്‍ തുളച്ചുപോയ കിരണങ്ങളുടെ വെളിച്ചത്തില്‍ അവളുടെ വെളുത്ത എല്ലുകള്‍ തെളിഞ്ഞു..അവക്കുള്ളിലെ കറുത്ത കറ ഡോക്ടര്‍ കണ്ടുപിടിച്ചു..അദ്ദേഹം വിധിയെഴുതി ബോണ്‍ ട്യുമര്‍ ..ഭൂമിയിലെ മുഴുവന്‍ പ്രകാശവും പെട്ടന്ന്‍ അണഞ്ഞു പോയതുപോലെ..അമ്മയുടെ കരച്ചില്‍ ആകാശം ഭേദിച്ചു..അഛച്ചന്‍ തളര്‍ന്നു വീണു..അസുഖത്തിന്റെ ഗൌരവമറിയാതെ ഞാന്‍ സ്തംഭിച്ചു നിന്നു ..അപ്പോഴും വേദനയൂറുന്ന കണ്ണുകളോടെ അവള്‍ ചിരിക്കുകയായിരുന്നു..പൂര്‍വ്വ നിശ്ചിതങ്ങളുടെ ഗൂഡലിപികള്‍ അവള്‍ക്ക് വായിക്കാന്‍ കഴിഞ്ഞിരിക്കണം..
തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയുടെ ജനലരികിലിരിക്കെ ,ദൂരെ സന്ധ്യ കരഞ്ഞു കൊണ്ട് കത്തിയമരുന്നത് ഞാന്‍ കണ്ടു..വഴിയരികിലെ മരങ്ങളിലെയെല്ലാം ഇല കൊഴിഞ്ഞത് പോലെ തോന്നി .. പകലിന്റെ അവസാന കിരണത്തെയും വാരിവിഴുങ്ങാന്‍ തയ്യാറായി ഇരുട്ട് ചുറ്റും പതുങ്ങി നിന്നു.. ജീവനറ്റ കണ്ണുകളുമായി മറ്റേതോ ലോകത്തേക്ക് നോക്കി അച്ഛനും അമ്മയും അവരുടെ മടിയില്‍ തളന്നു കിടക്കുന്ന എന്റെ മോള്‍..ഐശ്വര്യ
മല്ലിയില മണക്കുന്ന ആര്‍.സീ.സീ യിലെ വരാന്തയിലൂടെ എന്റെ കുഞ്ഞു പെങ്ങള്‍ വേച്ചുവേച്ചു നടന്നു.. നൃത്തം ചെയ്യാന്‍ മടിച്ച അവളുടെ കാലുകള്‍ വേദന കൊണ്ടു പുളഞ്ഞു ..ചികിത്സയുടെ കയങ്ങളിലൂടെ കച്ചിതുരുമ്പ് തേടി അവള്‍ നീന്തി.. ആര്‍സീസീ യിലേക്കുള്ള യാത്രകള്‍ തുടരുമ്പോഴും അവളുടെ കാലിലെ വേദന സന്ധികളില്‍ നിന്നും സന്ധികളിലേക്ക് പടരുകയായിരുന്നു..
മുഖത്തെ തോരാത്ത ചിരി പതുക്കെപതുക്കെ വാര്‍ന്നുപോയി..കണ്ണുകളുടെ ആഴങ്ങളില്‍ അപരിചിതമായ ഏതൊക്കെയോ ഭാവങ്ങള്‍ കൂടുവെച്ചു..
കാന്‍സര്‍ വാര്‍ഡില്‍ തളര്‍ന്നു കിടക്കുമ്പോഴും അവളില്‍ സൌഹൃദങ്ങള്‍ തളിര്‍ത്തു.. രക്താര്‍ബുദം വന്ന ഡയാന അവള്‍ക്ക് കൂട്ടായി..ആരോടും പരിഭവമില്ലാതെ അവര്‍ സ്നേഹിച്ചു..
സന്ധികളിലെ വേദനക്ക് പിറകെ കുതിച്ച മരുന്നുകള്‍ പലപ്പോഴും അവയെ പിടികിട്ടാതെ കിതച്ചു..ആളുന്ന വേദനയില്‍ അവള്‍ പുളഞ്ഞു..കീമോതെറാപ്പിയും റേഡിയേഷനും കാന്‍സറിന്റെ കോശങ്ങളെ കരിക്കുന്നതോടൊപ്പം എന്റെ കുഞ്ഞു പെങ്ങളും കരിഞ്ഞു തുടങ്ങി..വെളുത്ത മുഖം ഇരുണ്ടു..ഇരുണ്ട മുടി കൊഴിഞ്ഞു..വല്ലപ്പോഴും വന്നു മറയുന്ന തെളിഞ്ഞ ചിരിയില്‍ നിറയെ ഇരുണ്ട നിഴലുകള്‍ നിറഞ്ഞു..കണ്ണുകളിലെ നിറങ്ങള്‍ കെട്ടു തുടങ്ങി..മുടി മുഴുവന്‍ കൊഴിഞ്ഞു പോയ തല മൂടാന്‍ മാമന്‍ അവള്‍ക്ക് മുടി വെച്ചു ചേര്‍ത്ത ഒരു തൊപ്പി വാങ്ങി കൊടുത്തു..ഒരു കീരീടം കിട്ടിയതു പോലെ അവള്‍ അത് തലയില്‍ വെച്ചു വിളറി ചിരിച്ചു ..
ആ കാഴ്ച എന്റെ നനുത്ത കണ്ണില്‍ കുതിര്‍ന്നു പോയി..അപ്പോഴും ഞാനവളോട് മന്ത്രിച്ചു.. "ഏത് കയറ്റത്തിനും ഒരു ഇറക്കമുണ്ടാവും..ഇപ്പോള്‍ നമ്മള്‍ കയറ്റത്തിലാണ് ..വൈകാതെ തന്നെ നമുക്ക് ഇറക്കവും കാണാം..അതുവരെ എന്റെ മോള്‍ സഹിച്ചേ പറ്റു.."ഒടുവില്‍ ആര്‍ സീ സീയും തോറ്റു..മല്ലിയില മണക്കുന്ന വരാന്തകളെയും അവളുടെ പ്രിയപ്പെട്ട ഡയാനയെയും വിട്ട് ഞങ്ങള്‍ മദിരാശിയിലേക്ക് യാത്ര തുടങ്ങി..അവിടെ ഒരു ഫ്ലാറ്റില്‍ താമസിച്ച്ചികിത്സ തുടങ്ങി..വേദനയുടെയും വിങ്ങലിന്റെയും ദിനങ്ങള്‍ ..ഫ്ലാറ്റിന്റെ ജനലിലൂടെ വരണ്ടു നരച്ച മദിരാശിയെ നോക്കിയിരിക്കുമ്പോള്‍ മനസ്സില്‍ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് പതിഞ്ഞു പടരും .."ആത്മാവിന്‍ പുസ്തകതാളില്‍.. ഒരു മയില്‍പീലി പിടഞ്ഞു.."കാട്ടിലെറിഞ്ഞ കമ്പിയഴിഞ്ഞ ഒരു ചൈത്രവീണ പോലെ സ്വപ്നങ്ങളും സംഗീതവും വാര്‍ന്നു പോയ ലോകത്ത് ദൂരേക്ക് മിഴി നട്ട് അവള്‍ കിടന്നു.. മാസങ്ങള്‍ക്കൊടുവില്‍ ഒരു മേജര്‍ ശസ്ത്രക്രിയയും കഴിഞ്ഞ് മദിരാശി ഞങ്ങളെ മടക്കി അയച്ചു..ജീവന്റെ അമൃതം മുഴുവന്‍ വാര്‍ന്നുപോയ അവളുടെ ശരീരത്തെ അച്ഛന്‍ ഞങ്ങളുടെ മുറിയില്‍ കിടത്തി..ചുണ്ടില്‍ നിന്നും വാക്കുകള്‍ ചോര്‍ന്നു തുടങ്ങി.. ഭൂമിയിലെ ഭാഷ അവള്‍ മറന്നുപോയതു പോലെ ..ജനലിനപ്പുറത്തെ ഏതോ ഒരു ബിന്ദുവില്‍ കിരണങ്ങള്‍ കെട്ടുപോയ അവളുടെ കണ്ണുകള്‍ തറഞ്ഞു കിടന്നു..ഒരു ദിവസം ശബ്ദത്തിന്റെ നേര്‍ത്തതുള്ളികള്‍ അവളില്‍ നിന്നും പൊഴിഞ്ഞു..
"അമ്മേ വായില്‍ എന്തോ ഉള്ളത് പോലെ.. "
അമ്മ പിടയ്ക്കുന്ന നെഞ്ഞോടെ അവളുടെ പാട്ടുംചിരിയും നിറഞ്ഞ വായിലെ പുതുതായി മുളച്ച മുഴ കണ്ടു..മരുന്നും പ്രാര്‍ഥനയും തോറ്റു പിന്മാറി.. പൂര്‍വ്വാധികം ശക്തിയോടെ കത്തുന്ന കരിയിലക്കാടുപോലെ കാന്‍സര്‍ അവളുടെ ശരീരമാസകാലം പടര്‍ന്നു വരികയായിരുന്നു..
ആ ദിവസങ്ങളില്‍ അവളുടെ ഭാവങ്ങള്‍ വല്ലാതെ മാറി..മരുന്ന് മണക്കുന്ന മുറിയില്‍ ഇടക്കിടെ തേങ്ങലുകള്‍ ചിതറി വീണു..ഭക്തിയുടെ ലോകത്തേക്ക് ഞങ്ങള്‍ കൂപ്പുകുത്തി..വള്ളിക്കാവിലമ്
"അകം കേടാണല്ലോ മോളെ ..നന്നായി പ്രാര്‍ഥിക്കണം "...അവിടുന്നും മടക്കം.. ഞങ്ങളുടെ മുറിയില്‍ അവളുടെ കത്തിതീരാറായ കാല്‍ ഞാനെന്റെ മടിയില്‍ വെച്ചു തണുത്ത കൈ കൊണ്ട് തലോടുമ്പോള്‍ അവള്‍ പറയും "പുകച്ചിലെടുതിട്ട് വയ്യേച്യേ...എനിക്ക് എപ്പഴാ ഒന്നു മാറുക..??"അപ്പോഴും ഞാന്‍ പറയും "സാരല്ല്യ മോളെ..മോളിപ്പോ കയറ്റത്തിന്റെ ഏറ്റവും മുകളിലാ ...ഇനി ഇറക്കമാ ..ചേച്ചിയല്ലേ പറയുന്നേ. ."അപ്പോള്‍ അവള്‍ ഒരു കുഞ്ഞുവേദനയോടെ പറയും .."എന്നും ഏച്ചി ഇങ്ങനെ തന്നെയാ പറയുന്നേ..പക്ഷെ എപ്പോഴാണാ ഇറക്കം??"
വീണ്ടും അവളുടെ കൊച്ചരുവി വഹിക്കുന്ന കണ്ണുകള്‍ ശൂന്യതയിലേക്ക് പറക്കും..
"കറുത്തവാവ് കടന്നുകിട്ടിയാല്‍ രാജകുമാരിയെപോലെ വളരും"..ജ്യോല്‍സ്യന്‍ ഗണിച്ചു പറഞ്ഞു..പക്ഷെ "കടന്നു കിട്ടണം" അതിലായിരുന്നു അയാളുടെ ഊന്നല്‍ ..
കറുത്തവാവടുക്കുംതോറും അവള്‍ വേദനയുടെ കടലായി..പതിവുപോലെ അവളുടെ ദേഹം തുടച്ചു വൃത്തിയാക്കാന്‍ തിരിച്ചു കിടത്തിയപ്പോള്‍ പുറകുവശത്ത് ഒരു ദ്വാരം..അവളുടെ നിസ്സഹായമായ ഒരേ കിടപ്പില്‍ ശരീരം സ്വയം പൊട്ടാന്‍ തുടക്കമിട്ടത് വേദനയോടെ ഞാന്‍ കണ്ടു..
ബാന്റെജുകള്‍ അതടച്ചു..ഭസ്മം ചുണ്ടില്‍ പ്രാര്‍ഥിച്ചുവെച്ചു..
എപ്പോഴോ ഹോമിയോ ചികിത്സയിലും പരീക്ഷണം തുടങ്ങിയിരുന്നു..കോഴിക്കോട്ടെ ഏറ്റവും പ്രശസ്തനായ ഹോമിയോ ഡോക്ടര്‍ വീട്ടില്‍ വന്നു പൊയ്ക്കൊണ്ടിരുന്നു..അവസാനത്തെ വരവില്‍ പ്രതീക്ഷ കുറവാണെന്ന് അഛച്ചനോട് അടക്കം പറഞ്ഞു അദ്ദേഹവും തിരിച്ചു പോയി..ഒരു പുലര്‍ക്കാലത്ത് അവളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അടുക്കളയില്‍ നിന്നും ഞങ്ങള്‍ ഓടി ചെന്നു..അവളുടെ കണ്ണുകള്‍ അടഞ്ഞു തന്നെ കിടപ്പുണ്ടായിരുന്നു..വല്ലാതെ കിതക്കുന്നു..കണ്ണില്‍ നിന്നും ഇരുവശത്തേക്കും കണ്ണുനീര്‍ ചാല് കീറിയിരിക്കുന്നു..അവളുടെ ചുണ്ട മന്ത്രിച്ചു കൊണ്ടിരുന്നു.
"ഏട്ടാ ..എന്നെ കൊണ്ടു പോവല്ലേ..ഞാന്‍ വരുന്നില്ല..എന്നെ വിടു.."അമ്മ അവളെ കുലുക്കി വിളിച്ചു..ഭയം നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു.."അമ്മേ ..ഞാന്‍ ഇതു വരെ കാണാത്ത ഒരു ഏട്ടന്‍ എന്നെ വന്നു വിളിച്ചു..എന്നോട് പറഞ്ഞു..മോളെ വാ..പോവാന്‍ സമയമായി..എന്ന്‍, ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ കൈപിടിച്ചു കൂട്ടി കൊണ്ടു പോവാന്‍ നോക്കി..ഞാന്‍ എങ്ങനെയോ ആ ഏട്ടന്റെ കൈ തട്ടി മാറ്റിയിട്ട് ഓടി വരികയാ.."
അവള്‍ കിതച്ചു കൊണ്ടു പറഞ്ഞു..അമ്മ മെല്ലെ അവളെ തലോടിയിട്ടു പറഞ്ഞു..
"പേടിക്കണ്ടാട്ടോ ..മോള് സ്വപ്നം കണ്ടതാ..ഉറങ്ങിക്കോ.."
അവളെ വീണ്ടും ഉറക്കത്തിനു വിട്ടു കൊടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ അമ്മയുടെ മുഖത്ത് വല്ലാത്തൊരു ആധി പടര്‍ന്നു കയറുന്നത് ഞാന്‍ കണ്ടു..
അമ്മയെന്തോ വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസത്തെ ആയുസ്സുമായി വന്ന തന്റെ മോനേ ഓര്‍ത്തു..അവന്‍ അനിയത്തിയെ കൂട്ടികൊണ്ട് പോവാന്‍ വന്നതാവുമോ..
അരുതെന്ന് കേണു കൊണ്ടു അമ്മ മനസ്സില്‍ കണ്ണീരുകൊണ്ട് ആദ്യമായി അവന് ബലിയിട്ടു ...
പിറ്റേന്ന് രാവിലെ അമ്മ വിളിച്ചിട്ട് അവള്‍ കണ്ണ് തുറന്നില്ല..
കുഞ്ഞു നെഞ്ചിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ശ്വാസം അവശേഷിക്കുന്നു എന്നതിന് തെളിവായി..ശരീരം ചലനമറ്റുകിടന്നു....ആര്‍ത്തലച്ച നിലവിളികള്‍ അവളുടെ മുറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങി..ഞാന്‍ എന്റെ കൈകള്‍ കൊണ്ട് പതിയെ അവളുടെ കണ്ണ് തുറന്നു..ഇമ പോലും അനങ്ങാതെ നിശ്ചലമായ കണ്ണുകള്‍..ഡോക്ടര്‍ ഒരിക്കല്‍ കൂടി ആ പടി കടന്നു വന്നു..ശരീരം മരിച്ചിട്ടും മനസ്സു മരിക്കാത്ത ആ അവസ്ഥയെ കോമയെന്നു അദ്ദേഹം വിധിയെഴുതി .. വായില്‍ ഒഴിച്ചു കൊടുത്ത വെള്ളം തൊണ്ടയിലേക്ക് പോവാന്‍ മടിച്ച് അവളുടെഇരുകവിളുകളിലൂടെയും പുറത്തേക്കൊഴുകി..വാക്കുകള്‍ അസ്തമിച്ചത് കൊണ്ട് വേണമോ
വേണ്ടയോ എന്നറിയാന്‍ പോലും ഞങ്ങള്‍ക്ക് സാധിച്ചില്ല..മാറി മാറി എല്ലാരും അവളെ വിളിച്ചു..
ഒന്നു കയ്യനക്കിയെങ്കില്‍..ഞാന്‍ പറയുന്നത് കേള്‍ക്കുന്നുവെന്നതിനു
ഒരു അടയാളമെങ്കിലും തന്നെങ്കില്‍....
തളര്‍വാതം വന്ന കയ്യും തളര്‍ന്ന കാലുകളുമായി അഛച്ചന്‍ വേച്ചുവേച്ചു വന്നു
അവള്‍ക്കരികില്‍ ഇരുന്നു,..അവളെ നോക്കി പറഞ്ഞു "മോളെ ഒന്നു കണ്ണ് തുറക്ക്."...
നെഞ്ച് പൊട്ടി പുറത്തുവന്ന ആ വാക്കുകള്‍ അടഞ്ഞു കിടന്ന അവളുടെ മനസ്സിന്റെ
വാതിലില്‍ തട്ടി പ്രതിധ്വനിച്ചു ..
അതിന് മറുപടിയെന്നോണം ചലനമറ്റ അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ കിടക്കയിലേക്ക് അടര്‍ന്നു വീണു..ആ കണ്ണുനീരില്‍ അവളുടെ മനസ്സും അനക്കമറ്റ ശരീരവും കിടന്നു തുടിച്ചു..എന്റെ മോള്‍ ഭുമിക്കും സ്വര്‍ഗത്തിനുമിടയില്‍ ഞാന്നു കിടന്നു..
ഒടുവില്‍ പകല്‍ വേദനയോടെ പിരിഞ്ഞു പോവുന്ന ആ സന്ധ്യയില്‍ ജീവന്റെ തിരിതാണ് എന്റെ മണ്‍ചിരാത് അണഞ്ഞു... എല്ലാ വീടുകളിലും സന്ധ്യാദീപം തെളിഞ്ഞപ്പോള്‍ ഞങ്ങളുടെ വീട്ടിലെ വിളക്കണഞ്ഞു..ഇരുട്ട് മാത്രം ബാക്കിയായി..അകത്തും പുറത്തും ...
മണ്ണില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലാണ്..
ഈ മണ്ണിലെ ജീവിതം അവസാനിപ്പിച്ച് എന്റെ മോള്‍ മടങ്ങിയതും
അവളുടെ പന്ത്രണ്ടാമത്തെ വയസ്സിലാണ്..ഒരിക്കല്‍ മാത്രം പൂവണിഞ്ഞു അടുത്ത വസന്തത്തിനായി കാത്തുനില്‍ക്കാതെ അവള്‍ യാത്രയായി..

അവള്‍ മാഞ്ഞുപോയതിനുശേഷം ഭുമിയില്‍ വീണ്ടും നീലക്കുറിഞ്ഞി പൂക്കാറായി..അവ വിടരുമ്പോള്‍ അങ്ങ് ദൂരെ ഒരു ലോകത്തിരുന്ന്‍ എന്റെ മോള്‍ കുപ്പിവളകള്‍
കിലുങ്ങുന്നത് പോലെ ചിരിക്കുന്നുണ്ടാവും ..അരികെ അവള്‍ക്ക് കൂട്ടായി അവളുടെ ഏട്ടനും ഡയാനയും പിന്നെ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അഛച്ചനും..!!
